
ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശർമ്മയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന്റെ നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലൂടെയാണ് രേഖ ശര്‍മയെ, മഹുവ വിമര്‍ശിച്ചത്.
രേഖ ശർമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79 (സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യമോ പ്രവർത്തിയോ) പ്രകാരം ഞായറാഴ്ച ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഉത്തർപ്രദേശിലെ ഹാഥ്റസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ നടത്തിയ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121പേര്‍ മരിച്ച സ്ഥലത്ത് രേഖ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് മഹുവ എക്‌സില്‍ രേഖ ശര്‍മ്മയെ വിമർശിച്ചത്. വിഡിയോയില്‍ രേഖ ശർമയ്ക്ക് പിന്നില്‍ നില്‍ക്കുന്ന വ്യക്തി അവര്‍ക്ക് കുട പിടിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് മഹുവ വിമർശനം നടത്തിയത്.
രേഖ ശര്‍മക്ക് കുട പിടിക്കാന്‍ അറിയില്ലേ എന്ന് തുടങ്ങിയ നിരവധി കമന്റുകള്‍ മഹുവയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുട പിടിക്കുന്നത് താന്‍ ശ്രദ്ധിച്ചില്ലെന്നും ആളുകളുമായി സംസാരിക്കുന്ന തിരക്കില്‍ ആയിരുന്നുവെന്നുമാണ് രേഖ ശര്‍മ പ്രതികരിച്ചത്
അതേസമയം, പ്രതികരണവുമായി മഹുവ മൊയ്ത്രയും രംഗത്തെത്തി ആർജെഡി അധ്യക്ഷൻ ലാലു യാദവിനെയും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഊമകളെന്ന് വിളിക്കുകയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ‘ആദ്യ രാത്രി’ പരാമർശം നടത്തി പരിഹസിക്കുകയും ചെയ്‌ത വനിത കമ്മിഷൻ മേധാവി രേഖ ശർമ്മയുടെ മുൻ ട്വീറ്റുകൾ പങ്കുവച്ച്, ആദ്യം രേഖയ്ക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസിനോട് മഹുവ പറഞ്ഞു.