
കോഴിക്കോട് : മാഹി വേശ്യകളുടെ കേന്ദ്രമെന്ന് അധിക്ഷേപിച്ച കേരളാ ജനപക്ഷം നേതാവ് പി സി ജോർജ്ജിനെതിരെ പൊലീസ് കേസ് എടുത്തു. മാഹി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് കോഴിക്കോട് കസബ പൊലീസിന്റെ നടപടി. ബിജെപി നേതാവ് എം ടി രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെ പിസി ജോർജ് നടത്തിയ മാഹി വേശ്യകളുടെ കേന്ദ്രമെന്ന പരാമർശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സിപിഎം പരാതി നൽകിയത്. പരാതിക്ക് പിന്നാലെ വീഡിയോ പരിശോധിച്ച ശേഷമാണ് പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്. മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളില്‍ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗിച്ചത്. ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നുമാണ് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു. ഒരു പ്രദേശത്തെയാകെ അധിക്ഷേപിച്ച പിസി ജോർജ്ജിനെതിരെ മാഹി എംഎൽഎയും പരാതി നൽകിയിട്ടുണ്ട്.
Case against pc george on his controversial remark about mahi














