
കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ എറണാകുളം പുത്തന്‍ കുരിശു പൊലീസ് കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സാബു ജേക്കബിന്റെ പരാമര്‍ശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.
‘മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും’ എന്നുമാണ് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പരാമര്‍ശിച്ച് സാബു ജേക്കബ് പ്രസംഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശ്രീനിജനെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നും പരാതിയില്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയില്‍ വെച്ചായിരുന്നു സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം.













