‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും’- സത്താര്‍ പന്തല്ലൂരിനെതിരെ കേസ്

മലപ്പുറം : സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്ന വിവാദ പരാമര്‍ശം നടത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്റഫ് കളത്തിങ്ങല്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഐപിസി 153 വകുപ്പ് പ്രകാരം സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത്.

മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ വച്ചായായിരുന്നു പ്രസ്തുത പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകുമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസില്‍ വരാന്‍ സമയം തരണേയെന്ന് പറയുകയാണ്. ആ രീതിയിലേക്ക് പ്രസ്ഥാനം വളര്‍ന്നു കഴിഞ്ഞെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

More Stories from this section

family-dental
witywide