സന്ദേശ്ഖാലി കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം

കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും ഭൂമി കൈയേറ്റങ്ങളും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാല്‍ നീറിപ്പുകഞ്ഞ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്. ബുധനാഴ്ചയാണ് കോടതി ഉത്തരവ് എത്തിയത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് മത്സ്യകൃഷിക്കായി കൃഷിഭൂമി അനധികൃതമായി മാറ്റിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് (സിബിഐ) കോടതി നിര്‍ദേശിച്ചു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു.

സന്ദേശ്ഖാലിയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, നിഷ്പക്ഷമായ അന്വേഷണം നടത്തണം എന്നതില്‍ സംശയമില്ലെന്നും ഏത് ഏജന്‍സിക്ക് അന്വേഷണ ചുമതല നല്‍കിയാലും സംസ്ഥാനം ശരിയായ പിന്തുണ നല്‍കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

ആളുകള്‍ക്ക് പരാതി നല്‍കാന്‍ ഒരു പോര്‍ട്ടല്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, കോടതി മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും 15 ദിവസത്തിനുള്ളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും വ്യക്തമാക്കി. എല്‍ഇഡി തെരുവ് വിളക്കുകളും സ്ഥാപിക്കുമെന്നും ഇതിന് ആവശ്യമായ ഫണ്ട് സംസ്ഥാനം നല്‍കണമെന്നും ഉത്തരവിലുണ്ട്.

More Stories from this section

family-dental
witywide