ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദന കേസ്: ജയ്ഹിന്ദ് ടിവിക്ക് സിബിഐ നോട്ടിസ്

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദന കേസില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി മാനേജ്മെന്റിന് സിബിഐ നോട്ടിസ്. ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബിഎസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ്. ജയ്ഹിന്ദ് ടിവിയില്‍ ഡികെ ശിവകുമാര്‍ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവകുമാര്‍ ജയ്ഹിന്ദ് കമ്പനിയില്‍ ഓഹരിയുള്ള ആളാണോ, എത്ര രൂപ നിക്ഷേപിച്ചിട്ടുണ്ട് , നിക്ഷേപിച്ച തുകയില്‍ നിന്ന് ലഭിച്ച ലാഭവിഹിതം എത്ര, കമ്പനി ഇതുവരെ നടത്തിയ പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ നോട്ടിസ് ലഭിച്ചതായും രേഖകളുമായി ജനുവരി 11ന് ബെംഗളൂരുവിലെ സിബിഐ ഓഫിസിൽ ഹാജരാകുമെന്ന് ജയ്‌ഹിന്ദ്‌ ടിവി എം ഡി ബി എസ്‌ ഷിജു പറഞ്ഞു.

കര്‍ണാടകയില്‍ ഭരണം തിരിച്ചു പിടിച്ചതോടെ ശിവകുമാറിന് എതിരായ സിബിഐ അന്വേഷണം പിന്‍വലിക്കാൻ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ഇതിനായി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണം 90 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ഇതിനിടെയാണ് ഡികെ ശിവകുമാറിന്റെ ജയ്ഹിന്ദ് ടിവിയിലെ നിക്ഷേപം ആരാഞ്ഞുള്ള സിബിഐ യുടെ പുതിയ നീക്കം.

കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്തായിരുന്നു ഡികെ ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളൂരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇ ഡി) കൈ മാറുകയായിരുന്നു. 2013-2018 വരെയുള്ള കാലയളവില്‍ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ ഡി അറസ്റ്റു ചെയ്തു തീഹാര്‍ ജയിലില്‍ അടച്ചിരുന്നു. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പിന്നീട് കേസ് സിബിഐക്കു വിടുകയായിരുന്നു.

CBI issues notice to Jai Hind TV On DK Shivakumar case

More Stories from this section

family-dental
witywide