
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിലാണ് അപകടം നടന്നത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഗുരുതരമായി പരുക്കേറ്റ സദന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വലിയ ശബ്ദം കേട്ട് സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.