
ഗുവാഹത്തി: പശ്ചിമ ബംഗാളിലും വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിലും നാശം വിതച്ച് കനത്ത മഴ. ബംഗാളിലും അസമിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസമിലെ കനത്ത മഴയെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർന്നു. ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സീലിംഗിന്‍റെ ഒരു ഭാഗമാണ് തകർന്നത്.യാത്രക്കാരുള്ളപ്പോഴാണ് അപ്രതീക്ഷിതമായി സീലിംഗ് പൊട്ടിവീണത്. എല്ലാവരും ഓടിമാറിയതിനാൽ വലിയ അപകടം സംഭവിച്ചില്ല. ഇതിന്‍റെ ദൃശ്യങ്ങളടക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
വെള്ളം ഇരച്ചുകയറിയതോടെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തയിലേക്കുമാണ് തിരിച്ചുവിട്ടത്. വെള്ളക്കെട്ടിന് പരിഹാരം കണ്ടതിന് ശേഷം വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. 2021 മുതൽ അദാനി ഗ്രൂപ് ഏറ്റെടുത്തു നടത്തുന്ന വിമാനത്താവളമാണിത്.
This is the Suitation of #Guwahati
— Ashish Singh (@AshishSinghKiJi) March 31, 2024
Airport! Worst condition!
Adani Own this Airport! #SaveDemocracy #INDIAAllianceRally pic.twitter.com/Tn3lq1B2mJ
ബംഗാളിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗാളിലെ ജൽപൈഗുരിയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും 5 പേർക്ക് ജീവൻ നഷ്ടമായി. ജൽപൈഗുരിയിലെ ചുഴലിക്കാറ്റിൽ 100 ലധികം പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമത ബാനർജി രാത്രി തന്നെ ജൽപായ്ഗുരിയിലെത്തിയിരുന്നു. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
Ceiling collapses at Guwahati Airport after heavy rain 6 flights diverted