
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ കേന്ദ്രസർക്കാർ ഏജൻസിയായ എസ്എഫ്ഐഒ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നു. തിരുവനന്തപുരത്തുള്ള കെഎസ്ഐഡിസിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
സി എം ആർ എല്ലിൽ രണ്ടുദിവസം പരിശോധന നടത്തിയ ശേഷം എസ്എഫ്ഐ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് തിരുവനന്തപുരത്തെ കെഎസ്ഐഡിസി ഓഫീസിലേക്ക് പരിശോധനയ്‌ക്കായി എത്തിയത്. അന്വേഷണ സംഘത്തിൽ പെട്ട നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബംഗളൂരുവിലേക്കു തിരിച്ചിട്ടുണ്ട്.
വീണയുടെ എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഏറ്റെടുത്തിരിക്കുന്നത്. വീണയുടെ കമ്പനി കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെ ചൊല്ലിയാണ് ആദായ നികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.
വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ പ്രധാനമായും അന്വേഷിക്കുന്നത്.