പിണറായിയുടെ മകൾ വീണ വിജയൻ്റെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനി കാര്യ വകുപ്പ്; ഇ ഡി, സി ബി ഐ അന്വേഷണങ്ങൾക്ക് ശുപാര്‍ശ

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ്റെ ഉടമസ്ഥതയിൽ ബംഗളുരൂവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക്‌ എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും ഗുരുതരമായ കുറ്റങ്ങൾ കമ്പനി ഉടമകൾ നടത്തിയിട്ടുണ്ടെന്നും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും ലംഘനം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തുടരന്വേഷണം ഇ ഡിയെയും സി ബി ഐയെയും ഏല്പിക്കണമെന്ന ശുപാര്‍ശയും റിപ്പോർട്ടിലുണ്ട്. 

കേരളത്തിലെ സിഎംആര്‍എല്‍ കരിമണൽ ഖനന കമ്പനി ദുരൂഹ സ്വഭാവമുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിൽ എക്‌സാലോജിക്കിന് 1.72 കോടി രൂപ സേവന പ്രതിഫലമായി നൽകിയതാണ് കേസിന്റെ തുടക്കം. 2017 മുതൽ 2020 വരെ ഈ തുക കൃത്യമായി കൈപ്പറ്റിയ എക്‌സാ ലോജിക് സിഎംആര്‍എലിനു കരാറിൽ സമ്മതിച്ചിരുന്ന സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് ആരോപണം.

ഈ തുകയുടെ കൈമാറ്റം വിശദ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഇതിനു പുറമെ വീണ വിജയൻ സി എം ആർ എല്ലിൽ നിന്ന് നേരിട്ട് കൈപ്പറ്റിയ ലക്ഷങ്ങളുടെ ഇടപാടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ശുപാർശയുണ്ട്. 2019ല്‍ ആദായ നികുതി നിയമത്തിലെ 132-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയുടെ സമയത്ത് സിഎംആര്‍എല്ലിലെ ജീവനക്കാര്‍ നല്‍കിയ പ്രസ്താവനയാണ് ആരോപണങ്ങളുടെ അടിസ്ഥാനം. ഈ വിവരം ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻറെ ഉത്തരവിലും ഇടംപിടിച്ചു. 

 2017 -18 വർഷം ഏതാണ്ട് 42 ലക്ഷം രൂപ ആദായനികുതി കുടിശിക തീർക്കാനുണ്ടെന്നും കമ്പനി പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് റജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയ ശേഷവും സജീവമായി പ്രവർത്തനം നടത്തിയിരുന്നുവെന്നും ആർ ഒ സി അന്വേഷണത്തിൽ കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്ററുടെ ഒപ്പില്ലാതെ സമർപ്പിച്ചതിനും കമ്പനി നടപടി നേരിടേണ്ടി വരും.

കർണാടക കമ്പനി റജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ രണ്ടു തവണ വീണ വിജയൻറെ മൊഴി എടുത്തിരുന്നു. എക്‌സാലോജിക് – സി എം ആർ എൽ കരാറിന്റെ പകർപ്പോ നൽകിയ സേവനങ്ങളുടെ വിശദാംശങ്ങളോ സമർപ്പിക്കാൻ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. സി എം ആർ എൽ ഉദ്യോഗസ്ഥർക്കും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. 

Central Company Affairs Department against Pinarayi’s daughter Veena Vijayan’s company