
നീറ്റ്–യുജിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സിബിഐ അന്വേഷിക്കും. മെയ് 5നു നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേട്, തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നുവെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച രാത്രി അറിയിച്ചു.
സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ബിഹാര്‍ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.
അതിനിടെ, നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷാ വിവാദങ്ങൾ തിരിച്ചടിയായതോടെ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ കേന്ദ്രസർക്കാർ മാറ്റി. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് കുമാർ ഖരോലയ്ക്കാണ് പുതിയ ചുമതല. ശനിയാഴ്ച രാത്രി വൈകിയാണ് നടപടിയുണ്ടായത്.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ബിഹാര്‍ പോലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറില്‍ നിന്നാണ് ഈക്കാര്യം വ്യക്തമായത്. വിവാദം പുകയുന്നതിനിടെ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. മുന്‍കരുതല്‍ നടപടിയെന്നാണ് വിശദീകരണം. പുതിയ തിയതി പിന്നീട് അറിയിക്കും.















