
വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ ബൈഡന്റെ പിന്ഗാമിയായി ഉയര്‍ന്നു വന്ന കമലാ ഹാരിസ് ട്രംപിന്റെ ലീഡിന് ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ സര്‍വ്വേ ഫലങ്ങളാണ് കമലാ ഹാരിസ് ഡോണള്‍ഡ് ട്രംപിന്റെ ലീഡ് വെട്ടിക്കുറയ്ക്കുന്നതായി വ്യക്തമാക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബൈഡന് പകരക്കാരിയാകാന്‍ ഒരുങ്ങുന്ന കമലയ്ക്ക് അധിക ഊര്‍ജം നല്‍കുന്നതാണ് പുതിയ ഫലസൂചനകള്‍. വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും അവരുടെ പാര്‍ട്ടിക്കുള്ളിലും കമലയ്ക്കുള്ള പിന്തുണയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ വാള്‍സ്ട്രീറ്റ് ജേണല്‍ വോട്ടെടുപ്പ് കാണിക്കുന്നത് ട്രംപും (49 %) കമലാ ഹാരിസും(47) തമ്മില്‍ ഉള്ളത് വെറും 2 % ത്തിന്റെ നേരിയ ലീഡാണ് നിലവിലുള്ളതെന്നാണ്. അതില്‍ത്തന്നെ 3.1 ശതമാനം പോയിന്റുകള്‍ കൂടിയോ കുറഞ്ഞോ പോയേക്കാമെന്നും സൂചിപ്പിക്കുന്നു. ഇത് മുമ്പത്തെ സര്‍വേകളെ അപേക്ഷിച്ച് കടുത്ത മത്സരത്തെ പ്രതിഫലിപ്പിക്കുന്നു. ട്രംപിന് മുന്നില്‍ ബൈഡന്‍ കിതയ്ക്കുന്നതായിരുന്നു കാഴ്ചയെങ്കില്‍ കമല കുതിക്കുകയാണ്. ഈ മാസം ആദ്യം, മത്സരത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ബൈഡനെതിരെ ട്രംപ് ആറ് പോയിന്റിന്റെ ലീഡിലായിരുന്നു. അതാണ് കമല തിരുത്തിക്കുറിച്ചത്.
ഇതുകൂടാതെ, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ ട്രംപ് 48% ത്തിന്റെ ലീഡിലാണെങ്കില്‍ 46% ത്തിന്റെ ലീഡോടെ കമല തൊട്ടുപിന്നിലുണ്ട്. നേരത്തെ, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ ബൈഡനെക്കാള്‍ ഒമ്പത് ശതമാനം പോയിന്റിന് ട്രംപ് മുന്നിലായിരുന്നു. ഇപ്പോഴത് വെറും 2% മാത്രമാണ്.
ഒരു മാസം മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് വോട്ടെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കറുത്ത വര്‍ഗക്കാരില്‍ 59% മാത്രമാണ് ബൈഡനെ അനുകൂലിച്ചതെങ്കില്‍ ഇപ്പോള്‍ കമലയ്ക്ക് ഈ വോട്ടുകളുടെ 69% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കമലയ്ക്ക് തന്റെ പാര്‍ട്ടിയുടെ ഹിസ്പാനിക് വോട്ടര്‍മാരുടെ വിഹിതം 45% ല്‍ നിന്ന് 57% ആയും ഉയര്‍ന്നിട്ടുണ്ട്.