
ദില്ലി: സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല. ഭരണ സഖ്യമായ ജെഎംഎം – ആർജെഡി – കോൺഗ്രസ് എംഎൽഎമാരെ ബിജെപിയെ പേടിച്ച് മാറ്റാനുള്ള ഒരുക്കത്തിലാണ് ഭരണ പക്ഷം.
എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ എംഎല്‍എമാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഹൈദരാബാദിലേക്ക് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അവിടെ താജ് കൃഷ്ണ ഹോട്ടലിൽ എംഎൽഎമാർക്കായി മുറി ബുക് ചെയ്തിട്ടുണ്ട്.
അതേസമയം, ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയില്ലാതെ 24 മണിക്കൂര്‍ പിന്നിട്ടു. ചംപായ് സോറനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഗവർണർ മറുപടി വയ്കിപ്പിക്കുകയാണ്. പാര്‍ട്ടിക്കകത്ത് സമവായമില്ലെന്ന് ബിജെപി ആരോപിച്ചു. ബസന്ത് സോറനെ മുഖ്യമന്ത്രിയാക്കാനും ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ചംപായ് സോറൻ നാളെ ചുമതല ഏൽക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ചാണ് വൈകിട്ടോടെ ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചത്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം. മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഝാര്‍ഖണ്ഡിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നതിന്‍റെ സൂചനകളാണിപ്പോള്‍ പുറത്തവരുന്നത്. സർക്കാർ രൂപീകരിക്കാൻ ഉടൻ അനുമതി നല്‍കാൻ ഗവർണറോട് ആവശ്യപ്പെട്ടെന്ന് ചംപായ് സോറൻ വിമാനത്താവളത്തിൽ പ്രതികരിച്ചു.
ഇതിനിടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ രംഗത്തെത്തി. ഗവർണറുടെ ഒളിച്ചുകളി ഭരണഘടനയോടുള്ള അവഹേളനമെന്ന് ഖർഗെ പറഞ്ഞു. 48 എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയിലേക്ക് ആണികൾ ഓരോന്നായി ബിജെപി അടിക്കുകയാണെന്നും ഖര്‍ഗെ ആരോപിച്ചു.
#WATCH | Amid political turmoil in Jharkhand, a bus carrying MLAs of JMM-led ruling alliance in Jharkhand leave from Circuit House, in Ranchi. pic.twitter.com/iIda15d2Nf
— ANI (@ANI) February 1, 2024
ഝാര്‍ഖണ്ഡിൽ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ നൽകിയ കത്തിന് ഗവർണർ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 47 എംഎല്എമാരുടെ പിന്തുണയുണ്ടെന്നാണ് കത്തില് അറിയിച്ചത്. സർക്കാറുണ്ടാക്കാന് 43 പേരുടെ പിന്തുണ മതി. ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.ഇന്നലെ രാത്രിയാണ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.
Champai Soren Kept On Hold By Governor, MLAs To Be Moved Out Of Jharkhand