
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപായി സോറൻ വെള്ളിയാഴ്ച ബിജെപിയിൽ ചേരും. അസം മുൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “രാജ്യത്തെ വിശിഷ്ട ആദിവാസി നേതാവ്” എന്ന് വാഴ്ത്തിക്കൊണ്ടായിരുന്നു എക്‌സിൽ അദ്ദേഹം ഇക്കാര്യം കുറിച്ചത്.
കഴിഞ്ഞയാഴ്ച, ജയിൽ മോചിതനായ ഹേമന്ത് സോറന് വഴിയൊരുക്കാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന 67 കാരനായ നേതാവ്, പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചുവെന്നും തൻ്റെ അടുത്ത രാഷ്ട്രീയ വഴി ഉടൻ തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തിൻ്റെ വികസനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യുമായിരുന്നുവെന്ന് രാജിവെച്ച് ദിവസങ്ങൾക്ക് ശേഷം ചംപായി സോറൻ പറഞ്ഞു.
1990 കളിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള പോരാട്ടത്തിൽ അദ്ദേഹം നൽകിയ നിർണായക സംഭാവനയ്ക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ “ജാർഖണ്ഡ് കടുവ” എന്നാണ് ചംപായി സോറൻ അറിയപ്പെടുന്നത്. താൻ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും ഒരു പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നുമായിരുന്നു രാജിവച്ചതിന് ശേഷം അദ്ദേഹം അറിയിച്ചത്. എന്നാൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപായി സോറന്റെ ബിജെപി പ്രവേശനം.