
റാഞ്ചി: ജാര്‍ഖണ്ഡിൽ എഎംഎം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിൽ തുടരും. ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 29 വോട്ടും ഭരണപക്ഷത്തിന് 47 വോട്ടുമാണ് നേടാനായത്.
ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ രാജിവച്ചതിനെ തുടര്‍ന്നാണ് ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താൻ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ഇല്ലാതിരുന്നതിനാൽ സര്‍ക്കാരിന് ഇനി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവും. ഇന്നത്തെ വോട്ടെടുപ്പിൽ ഹേമന്ത് സോറനും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷിബും സോറന്റെ അനുയായി കൂടിയായിരുന്ന ചംപയ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും ചംപയ് സോറനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹേമന്ത് സോറനും വിശ്വാസവോട്ടെടുപ്പിന്റെ സമയത്ത് നിയമസഭയിലെത്തിയിരുന്നു. ഹേമന്ത് സോറന്‍ സർക്കാരിന്റെ രണ്ടാം ഭാഗമായിരിക്കും തന്റെ സർക്കാരെന്ന് ചംപയ് സോറന്‍ വിശ്വാസവോട്ടെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
വൈകാരിക പ്രസംഗത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹേമന്ത് സോറന്‍ ഉന്നയിച്ചത്. ബിജെപിയുടെ ഗൂഢാലോചനയാണ് തന്നെ ജയിലിലെത്തിച്ചതെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. ഗവർണറിന് ഇതില്‍ പങ്കുണ്ടെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ഹേമന്ത് സോറന്റെ രാജിക്ക് പിന്നാലെതന്നെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം സർക്കാർ രൂപീകരണ അവകാശം ഉന്നയിച്ചിട്ടും ഗവർണർ ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കാതെ വൈകിപ്പിച്ചിരുന്നു.
Champey Soren wins trust vote