
ദുബായ്: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 19 നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാവുക. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഐ സി സി ചാന്പ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തുവന്നപ്പോൾ, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23 ന് ദുബായിലാകും നടക്കുകയെന്നും വ്യക്തമായി. ഇന്ത്യ മുന്നോട്ടുവച്ച കാര്യങ്ങൾ അംഗീകരിച്ചുള്ളതാണ് മത്സരക്രമം എന്നതും ശ്രദ്ധേയമായി. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബായ് ആകും വേദിയാകുക.
2025 ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അവസാന ഗ്രൂപ്പ് മത്സരം മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെയാണ്. അതും ദുബായിലാകും നടക്കുക. ഫെബ്രുവരി 19 ന് കറാച്ചിയിലാണ് ഉദ്ഘാടന മത്സരം. പാകിസ്ഥാൻ ആദ്യമത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട് എന്നിവാരാണ് ഗ്രൂപ്പ് ബി യിലെ ടീമുകൾ. മാർച്ച് നാലിന് ആദ്യ സെമി ദുബായിലും രണ്ടാം സെമി മാർച്ച് അഞ്ചിന് ലാഹോറിലുമാകും നടക്കുക. കലാശപ്പോരാട്ടം മാർച്ച് ഒൻപതിന് ലാഹോറിലാകും നടക്കുകയെന്നാണ് തീരുമാനം. പക്ഷേ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയാൽ കിരീടപ്പോരാട്ടത്തിന് ദുബായ് വേദിയാവും. ഫൈനലിന് മാർച്ച് 10 റിസർവ് ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കില്ലെന്ന ബി സി സി ഐയുടെ കടുത്ത നിലപാടിനെ തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബായിലേക്ക് മാറ്റിയത്. പകരം 2027വരെ ഇന്ത്യയിൽ നടക്കുന്ന ഐ സി സി ടൂർണമെന്റുകളിൽ പാകിസ്ഥാന്റെ മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്താനും തീരുമാനിച്ചിട്ടുണ്ട്.ർ