
അഹമ്മദാബാദ്: ഗുജറാത്തിനെ ആശങ്കയിലാക്കി അപൂർവ വൈറസ് ബാധ. കുട്ടികൾ ഉൾപ്പെടെ 8 പേരുടെ ജീവനാണ് അപൂർവ വൈറസ് ബാധയേറ്റ് ഇതിനകം നഷ്ടമായത്. ചാന്തിപുര വൈറസ് എന്ന പേരിൽ അറിയപ്പെടുന്ന അപൂർവ വൈറസ് ബാധയേറ്റ് ഒരാഴ്ചക്കിടെയാണ് 8 പേർ മരിച്ചത്. 6 കുട്ടികൾക്കും 2 മുതിർന്നവർക്കുമാണ് ജീവൻ നഷ്ടമായത്. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.
ഇതിനു പിന്നാലെ ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങൾ തടയാൻ കഴിയും.
കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്തിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ഈ അപൂർവ വൈറസിനെ പൊതുവിൽ ചന്തിപുര വൈറസെന്ന് വിളിക്കാൻ തുടങ്ങിയത്.