
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരണം വർധിക്കുന്നു. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി ഉയർന്നു. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലക്ഷണങ്ങളോടെ എത്തി 15 കുട്ടികളാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിൽ ഒരു കുട്ടിയുടെ മരണം വൈറസ് ബാധയേറ്റാണെന്ന് പരിശോധനയിൽ വ്യക്തമായി. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന. വരുംദിവസങ്ങളിൽ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതൽ കേസുകൾ സ്ഥിരീകരിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
നിലവിലുള്ള 29 കേസുകളിൽ 26 എണ്ണം ഗുജറാത്തിൽ നിന്നാണ്, രണ്ടുപേർ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ പതിനാറുദിവസത്തിനിടെയാണ് ഇത്രയും മരണം. വൈറസ് ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു.
Chandipura Virus spread in Gujarat, 15 children dies so far