
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ 16 ലോക്സഭാ സീറ്റുകള്‍ നേടിയ ടിഡിപി, എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്ന ടിഡിപി മുസ്ലീം സംവരണത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആന്ധ്രാപ്രദേശിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് ടിഡിപി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് വ്യക്തമാക്കി.
സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന സംവരണം തങ്ങള്‍ തുടരുമെന്നും തങ്ങളുടെ സഖ്യകക്ഷിയായ ബിജെപി ശക്തമായി എതിര്‍ക്കുന്ന നയമാണെന്നും ലോകേഷ് പറയുന്നു. മുസ്ലിംകള്‍ക്കുള്ള സംവരണം കഴിഞ്ഞ 2 പതിറ്റാണ്ടുകളായി തുടരുന്നുവെന്നും ഞങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യക്തമാക്കിയ ലോകേഷ് അത് തുടരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
സംവരണം പ്രീണനത്തിനല്ലെന്നും സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷവരുമാനമുള്ള ന്യൂനപക്ഷമായതിനാല്‍ അത് സാമൂഹിക നീതിയാണെന്നും 41കാരനായ ലോകേഷ് വ്യക്തമാക്കുന്നു. ‘ന്യൂനപക്ഷങ്ങള്‍ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം അവര്‍ക്കാണെന്നതും ഒരു വസ്തുതയാണെന്നും ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് ആരെയും പിന്നിലാക്കാനാവില്ലെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ടിഡിപിയുടെ ട്രേഡ് മാര്‍ക്ക് ആണെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
ലോക്സഭയിലും ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ മികച്ച പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് നാരാ ലോകേഷ്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിന് ശേഷം, ലോകേഷ് ടിഡിപിയുടെ ഭരണം ഏറ്റെടുക്കുകയും ജനങ്ങളിലേക്ക് എത്താന്‍ 4,000 കിലോമീറ്റര്‍ ‘പദയാത്ര’ നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയില്‍ സ്പീക്കര്‍ സ്ഥാനവും ചില പ്രധാന വകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും ലോകേഷ് തള്ളിക്കളഞ്ഞു.