തിരുവനന്തപുരം: കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള കമ്പനിയുടെ തുറന്നു പറച്ചിലിനു പിന്നാലെ ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
ഉമ്മന്‍ചാണ്ടിയുടെ ചികില്‍സ വിവാദമാക്കിയവര്‍ മാപ്പുപറയണമെന്നും ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കാലം സത്യം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റെല്ലാ ചികിത്സകളും പിതാവിന് നൽകിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്സിൻ നൽകേണ്ടതില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവിനെതിരെ അദ്ദേഹത്തിന്‍റെ വിഷമ സന്ധിയിൽപ്പോലും ഒത്തിരി ആക്ഷേപങ്ങൾ ഉന്നയിക്കുകയുണ്ടായി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയെക്കുറിച്ച് വിവാദമുണ്ടാക്കിയവർ ഇപ്പോൾ മാപ്പു പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരുമകനും ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.