ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പുരകായസ്തയ്‌ക്കെതിരായ കുറ്റപത്രത്തിലുള്ളത് തീവ്രവാദ ഫണ്ടിംഗ്, ചൈനീസ് പ്രചരണം അടക്കമുള്ള കുറ്റങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും തുരങ്കം വെക്കുക എന്ന ഉദ്ദേശത്തോടെ ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ട്ടല്‍ ചൈനീസ് പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി ചൊവ്വാഴ്ച പരിഗണിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിശിത വിമര്‍ശകരായ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും അതിന്റെ സ്ഥാപകന്‍ പ്രബിര്‍ പുരകായസ്തയ്ക്കുമെതിരായ ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ തീവ്രവാദ ഫണ്ടിംഗ്, ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ആരോപിച്ചിട്ടുള്ളത്.

8,000 പേജുകള്‍ അടങ്ങുന്ന കുറ്റപത്രം, കര്‍ഷകരുടെ പ്രതിഷേധങ്ങളുമായും 2020 ലെ ഡല്‍ഹി കലാപങ്ങളുമായും പുരകായസ്തയെ ബന്ധിപ്പിക്കുന്നു. ചൈനയുടെ പ്രചാരണം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും എച്ച്ആര്‍ ന്യൂസ് ക്ലിക് എച്ച് ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയെയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലുടനീളം പൊലീസ് റെയ്ഡ് നടത്തിയതിനു ശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് യുഎപിഎ ചുമത്തി. തുടര്‍ന്ന് ഇരുവരും ഡല്‍ഹി തിഹാര്‍ ജയിലിലാണ്.

ന്യൂസ്‌ക്ലിക്കിനും അതിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മാര്‍ച്ച് 30 ന് ഡല്‍ഹി പോലീസ് 8,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ന്യൂസ്‌ക്ലിക്ക് നേരത്തെ തന്നെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് എന്നിവയുടെ നിരീക്ഷണത്തിന് കീഴിലായിരുന്നുവെങ്കിലും പോര്‍ട്ടലിനും അതിന്റെ സ്ഥാപകനുമെതിരെ സ്പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 2023 ഓഗസ്റ്റ് 17നാണ്. ആരോപണങ്ങളെല്ലാം ന്യൂസ് ക്ലിക് തള്ളിയിട്ടുണ്ട്.

Charge sheet against News click founder Purkayasta includes charges of terror funding and Chinese propaganda