
ന്യൂഡൽഹി: യുകെയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്ക് പരസ്‌പരാടിസ്ഥാനത്തിൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിച്ചേക്കാം.
ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരെ യുണൈറ്റഡ് കിംഗ്ഡത്തിലും കാനഡയിലും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുമെന്ന നിർദ്ദേശം പരസ്പര അടിസ്ഥാനത്തിൽ കർശനമായി നടപ്പാക്കുമെന്ന് ഐസിഎഐ പ്രസിഡൻ്റ് രഞ്ജീത് കുമാർ അഗർവാൾ ബുധനാഴ്ച പറഞ്ഞു.
ഇതാദ്യമായാണ് വിദേശ ചാർട്ടേഡ് അക്കൗണ്ടൻ്റിന് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിക്കുന്നത്. യുകെയുമായും കാനഡയുമായും സ്വതന്ത്ര വ്യാപാര കരാറുകൾക്കായി (എഫ്ടിഎ) ഇന്ത്യ നടത്തുന്ന ചർച്ചകളുടെ ഭാഗമാണ് ഈ നിർദ്ദേശം. ഓസ്‌ട്രേലിയയുമായും സമാനമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു.
ഈ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞാൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ അവരെ നിയന്ത്രിക്കുന്ന ഐസിഎഐയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ (ഐസിഎഐ) 4 ലക്ഷത്തിലധികം അംഗങ്ങളും 8.5 ലക്ഷം വിദ്യാർത്ഥികളുമുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള 42,000 ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ വിദേശത്ത് ജോലി ചെയ്യുന്നു.
“ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാർക്ക് വലിയ ഡിമാൻഡാണ്,” ഈ മാസം ആദ്യം പ്രസിഡൻ്റായി ചുമതലയേറ്റ അഗർവാൾ പറഞ്ഞു.