പ്ലേ ഓഫ് പോരാട്ടം ഇഞ്ചോടിഞ്ച്, തുടർച്ചയായ അഞ്ചാം ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി ആർസിബി, രാജസ്ഥാനെ വീഴ്ത്തി ചെന്നൈ

ബെംഗളുരു: ഐ പി എല്ലിലെ സൂപ്പ‍ർ സണ്ടേ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ചെന്നൈ സൂപ്പർ കിംഗ്സിനും വിജയം. ഞായറാഴ്ട നടന്ന ആദ്യ മത്സരത്തിൽ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് മലർത്തിയടിച്ചത്. രണ്ടാം മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റൽസിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 47 റണ്‍സിനാണ് തുരത്തിയത്. ഇതോടെ പ്ലേ ഓഫ് പോരാട്ടം ഇഞ്ചോടിഞ്ചായിട്ടുണ്ട്. ആർ സി ബി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ഡൽഹി ആറാം സ്ഥാനത്തേക്ക് വീണു. ചെന്നൈ ആകട്ടെ രാജസ്ഥാനെ വീഴ്ത്തിയതോടെ മൂന്നാം സ്ഥാനത്തേക്കാണ് ചിറകടിച്ചെത്തിയത്.

ആദ്യ മത്സരത്തിൽ സൂപ്പറായി ചെന്നൈ

ചെപ്പോക്ക് സ്റ്റേഡിയത്തിൽ 5 വിക്കറ്റിനാണ് സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്സ് അടിയറവ് പറയിച്ചത്. 142 റൺസ് വിജയലക്ഷ്യം ചെന്നൈ 10 പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹോം ഗ്രൗണ്ടിൽ അൻപതാം ജയം കൂടിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. പ്ലേ ഓഫ് പോരിൽ ജീവൻ വീണ്ടെടുത്ത് ചെന്നൈ 14 പോയിന്‍റുമായാണ് ടേബിളിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് തുടക്കം തന്നെ പതറി. 49 റൺസെടുക്കുന്നതിനിടെ ജയ്സ്വാളും ബട്‍ലറും പുറത്ത്. 15 റൺസുമായി സഞ്ജുവും പുറത്തായതോടെ ചെന്നൈ പിടിമുറുക്കി. റിയാൻ പരാഗിന്‍റെ ചെറുത്ത് നിൽപ്പ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ സിമർജിത് സിംഗാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്. നായകൻ റുതുരാജ് 42 റൺസുമായി നിലയുറപ്പിച്ചതോടെ ചെന്നൈക്ക് 5 വിക്കറ്റ് ജയം സ്വന്തമായി. പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവിനും സംഘത്തിനും ഇനിയും കാത്തിരിക്കണം. മെയ് 18 ന് ആർസിബിക്കെതിരെയാണ് ചെന്നൈയുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം. രാജസ്ഥാന് പഞ്ചാബും കൊൽക്കത്തയുമാണ് അടുത്ത എതിരാളികൾ.

അഞ്ചാം തുടർ വിജയക്കരുത്തിൽ ആർ സി ബി

ഐ പി എല്ലിലെ നടപ്പ് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് മോഹങ്ങള്‍ അവതാളത്തിലാക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 47 റണ്‍സിന്‍റെ ത്രില്ലർ ജയം സ്വന്തമാക്കിയത്. ആർസിബിയുടെ 187 റണ്‍സ് പിന്തുടർന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ ആർ സി ബി പോയിന്‍റ് പട്ടികയില്‍ ഏഴില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നെറ്റ് റണ്‍റേറ്റ് ആർ സി ബിക്ക് അനുകൂലമായി. ക്യാപ്റ്റന്‍ അക്സർ പട്ടേലിന്‍റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഇന്നിംഗ്സില്‍ ഡല്‍ഹിക്ക് പ്രതീക്ഷയായുണ്ടായിരുന്നത്. സ്കോർ: ബെംഗളൂരു- 187/9 (20), ഡല്‍ഹി- 140 (19.1).

chennai super kings and bangalore royal challengers win ipl 2024 today match

More Stories from this section

family-dental
witywide