
തിരുവനന്തപുരം: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തിരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടു കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തിരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായും ചെന്നിത്തല പറഞ്ഞു.
രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് വിമര്‍ശിച്ച അദ്ദേഹം വിഷയത്തില്‍ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടു. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നതെന്നും ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി.ജെ.പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബി.ജെ.പി ക്ക് തന്നെ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും കെജ്രിവാളിന്റെ അറസ്റ്റ്, തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ ഫോണുകള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.













