
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. മാത്രമല്ല ഇത് ഭരണഘടനാപരമായ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മൈ വോട്ട് മൈ വോയ്സ്’ ദൗത്യത്തിനായുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പൗരന്മാരാണ് നമ്മളെന്നും ഭരണഘടന, പൗരന്മാര്‍ എന്ന നിലയില്‍ നമുക്ക് നിരവധി അവകാശങ്ങള്‍ നല്‍കുന്നു, എന്നാല്‍ നമ്മള്‍ ഓരോരുത്തരും നമ്മുടെ മേല്‍ ചുമത്തുന്ന കടമ നിര്‍വഹിക്കണമെന്ന് അത് പ്രതീക്ഷിക്കുന്നു. കൂടാതെ പൗരത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്ന് ഭരണഘടനാപരമായ ജനാധിപത്യത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ മഹത്തായ മാതൃരാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വോട്ടുചെയ്യാനുള്ള ഈ അവസരം ഉപയോഗിക്കണമെന്ന് ദയവായി നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അഞ്ച് മിനിറ്റ്, ഓരോ അഞ്ച് വര്‍ഷത്തിലും നമ്മുടെ രാജ്യത്തിനായി. ഇത് ചെയ്യാന്‍ കഴിയും, അല്ലേ? അഭിമാനത്തോടെ വോട്ടുചെയ്യാം. എന്റെ വോട്ട്, എന്റെ ശബ്ദം,’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുന്നതില്‍ പൗരന്മാര്‍ക്ക് പങ്കാളിത്തപരമായ പങ്കുണ്ടെന്നും അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ ജനങ്ങളുടെയും ജനങ്ങളാലും ജനങ്ങള്‍ക്കുവേണ്ടിയും ഉള്ള സര്‍ക്കാരെന്ന് പറയുന്നത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ആദ്യമായി വോട്ട് ചെയ്തതിന്റെ ആവേശം ഓര്‍ത്തെടുത്ത അദ്ദേഹം വോട്ടവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്നതിനെക്കുറിച്ചും സംസാരിച്ചു. മാത്രമല്ല, അഭിഭാഷകനായിരുന്ന കാലത്ത് വോട്ട് ചെയ്യാനുള്ള ആ കര്‍ത്തവ്യം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
18-ാം ലോക്സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4 ന് ഫലം പ്രഖ്യാപിക്കും.











