
ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി സുപ്രീം കോടതിയില്‍ പാചകക്കാരനായിരുന്നു അജയ്കുമാര്‍ സമല്‍. നിരവധി ജഡ്ജിമാരുടെയും അവരുടെ കുടുംബങ്ങളുടെയും നാവുകളെ ത്രസിപ്പിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്തിട്ടുള്ള അജയ്കുമാറിന് ഇന്നലെ അഭിമാന ദിനമായിരുന്നു. അടുക്കളയിലെ ജീവിതത്തെ അരങ്ങിലേക്കെത്തിച്ച മകളിലൂടെയുള്ള അഭിമാന നിമിഷം.
നിയമത്തില്‍ ബിരുദാനന്ത ബിരുദ കോഴ്സിന് അമേരിക്കയിലുള്ള പ്രശസ്ത ലോ സ്‌കൂളുകളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനൊപ്പം ഒന്നിലധികം ഓഫറുകള്‍ നേടിയതിന് അജയ്കുമാറിന്റെ മകള്‍ പ്രഗ്യ സമലിനെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജഡ്ജിമാരും അഭിനന്ദിച്ചു. അജയ്കുമാര്‍ സമലിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.
കഴിഞ്ഞദിവസം രാവിലെ ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ജഡ്ജിമാരുടെ വിശ്രമമുറിയില്‍ പ്രഗ്യയെ അഭിനന്ദിക്കാന്‍ ഒത്തുകൂടുകയായിരുന്നു. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് 25 കാരിയായ പ്രഗ്യക്ക് സമ്മാനിച്ചു. മാത്രമല്ല, മകളുടെ നേട്ടത്തിനുള്ള അംഗീകാരമായി ചീഫ് ജസ്റ്റിസ് പ്രഗ്യയുടെ മാതാപിതാക്കള്‍ക്ക് ഷാള്‍ സമ്മാനിക്കുകയും ചെയ്തു.
യുഎസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലും മിഷിഗണ്‍ സര്‍വകലാശാലയിലുമാണ് പ്രഗ്യ സ്‌കോളര്‍ഷിപ്പ് നേടിയത്. ഈ സര്‍വ്വകലാശാലകളില്‍പ്പെടുന്ന കൊളംബിയ ലോ സ്‌കൂള്‍, ചിക്കാഗോ ലോ സ്‌കൂള്‍, കാരി ലോ സ്‌കൂള്‍, ബെര്‍ക്ക്ലി ലോ സ്‌കൂള്‍, മിഷിഗണ്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് എല്‍എല്‍എം പഠിക്കുന്നതിന് പ്രവേശന ഓഫറുകള്‍ പ്രഗ്യാ സമലിനെ തേടിയെത്തുകയായിരുന്നു.
തന്നെ അഭിനന്ദിച്ചതിന് ജസ്റ്റിസ് ചന്ദ്രചൂഡിനും മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞ പ്രഗ്യ, തന്റെ കരിയറിലെ മികവിന്റെ ഉയരങ്ങള്‍ താണ്ടാന്‍ കഴിഞ്ഞത് അച്ഛന്റെയും അമ്മയുടെയും സഹായത്താലാണെന്ന് പറഞ്ഞു.
Chief Justice of India DY Chandrachud and other Supreme Court judges on Wednesday felicitated the daughter of a cook