
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപ്പോലെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരിശുദ്ധമായ ഒരു രാഷ്ട്രീയത്തിന്റെ കറപുരളാത്ത കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പിണറായിയെ കേസില്‍ കുടുക്കാന്‍ ബിജെപിയും യുഡിഎഫും ആഗ്രഹിക്കാഞ്ഞാട്ടല്ല, പക്ഷെ ആഗ്രഹിച്ചാലും എത്താനാവാത്ത അത്രയും ദൂരത്താണ്. സൂര്യനെ പോലെ. അദ്ദേഹത്തിനടുത്തേക്ക് അടുക്കാന്‍ പോലും കഴിയില്ല. അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് എത് അന്വേഷണവും നടക്കട്ടെ. സര്‍ക്കാരിനോ സിപിഐഎമ്മിനോ ഒരു ഭയവുമില്ല. സ്വര്‍ണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നാണ് മോദി പറഞ്ഞത്. അതിന് പിന്നാലെയാണിപ്പോള്‍ മാധ്യമങ്ങള്‍. ആരാണ് നടപടി എടുക്കേണ്ടത്. കേരളത്തിലും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രമല്ലേ.
വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയിലല്ലേ. ആ അധികാരം ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എന്തേ നടപടി എടുക്കാത്തത്.അന്വേഷണ ഏജന്‍സികളുടെ തലവന്‍ മോദിയല്ലേ. അത് മറച്ചുവെച്ച് ആളെ പറ്റിക്കാന്‍ പൈങ്കിളി സ്റ്റൈലില്‍ ഓരോന്ന് പറയുകയാണ്. ആളെ പറ്റിക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയും പൈങ്കിളി കഥയുമായി ഇറങ്ങുകയാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്തായിരുന്നു തടസം. കേസുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദം മാത്രമാണ്. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. സ്വര്‍ണക്കടത്ത് കേസ് വസ്തുതാപരമായി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.











