മുഖ്യമന്ത്രി വയനാട്ടിലേക്ക്; നാളെ ദുരന്തബാധിതരെ സന്ദര്‍ശിക്കും, രാവിലെ സര്‍വകക്ഷി യോഗം

കല്‍പ്പറ്റ: സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ കേരളത്തിന് ഇനിയും മരിച്ചവരുടെ എണ്ണംപോലും പൂര്‍ണമായും അറിയാത്ത സ്ഥിതി. ഉറ്റവര്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയാതെ കണ്ണീരോടെ കാത്തിരിക്കുന്നവര്‍, സഹായഹസ്തവുമായി മുമ്പൊരിക്കലും കണ്ടിട്ടുപോലുമില്ലാത്തവര്‍ക്കരുകിലേക്ക്…ദുരന്ത കാഴ്ചകള്‍ ഒഴിയാതെ വയനാട് തേങ്ങുന്നു.

നാമാവശേഷമായ രണ്ട് ഗ്രാമങ്ങള്‍, മുണ്ടക്കൈയും ചൂരല്‍മലയും. ദുരന്തഭൂമിയായ ഗ്രാമങ്ങളിലേക്ക് ആശ്വാസമായി മുഖ്യമന്ത്രി നാളെ എത്തും. തിരുവനന്തപുരത്തുനിന്നും വൈകുന്നേരം പുറപ്പെട്ട മുഖ്യമന്ത്രി രാത്രിയോടെ കോഴിക്കോട് എത്തും. നാളെ രാവിലെയോടെ വയനാട്ടിലെത്തും. രാവിലെ വയനാട്ടില്‍ സര്‍വ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 10.30 ന് എ പി ജെ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി വ്യാഴാഴ്ച സന്ദര്‍ശനം നടത്തും.

More Stories from this section

family-dental
witywide