
ബീജിംഗ്: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ ദമ്പതികളെ ചൈന ബുധനാഴ്ച വധിച്ചു. രാജ്യവ്യാപകമായി രോഷം സൃഷ്ടിച്ച കേസിലാണ് നിര്‍ണ്ണായക വിധി ചൈന നടപ്പിലാക്കിയത്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ പാര്‍പ്പിട സമുച്ചയത്തിന്റെ 15-ാം നിലയില്‍ നിന്ന് രണ്ട് വയസ്സുള്ള പെണ്‍കുട്ടിയേയും ഒരു വയസ്സുള്ള ആണ്‍കുട്ടിയേയുമാണ് ദമ്പതികള്‍ ക്രൂരമായി എറിഞ്ഞ് കൊലപ്പെടുത്തിയത്. ഷാങ് ബോയും യെ ചെങ്ചെനുമാണ് ശിക്ഷയ്ക്ക് വിധേയരായത്.
രണ്ട് കുട്ടികളുടെ പിതാവായ ഷാങ്, താന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും മറച്ചുവെച്ച് യെ യുമായി പ്രണയത്തിലായി. തുടര്‍ന്ന് എല്ലാം അറിഞ്ഞ യെ, ഷാങിനോട് രണ്ട് മക്കളെയും കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടികള്‍ അവരുടെ വിവാഹത്തിന് തടസ്സമായെന്നും അവരുടെ ഭാവി ജീവിതത്തിന് ഒരു ഭാരമായും വരുമെന്ന് ഇരുവരും കണക്കാക്കി. തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
2021 ഡിസംബറില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിക്കുകയും ബുധനാഴ്ച ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
വധശിക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നിരുന്നാലും റൈറ്റ്‌സ് ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നതനുസരിച്ച് ചൈനയാണ് ആഗോളതലത്തില്‍ ഏറ്റവും അധികം വധശിക്ഷ നല്‍കുന്ന രാജ്യം. ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളെയാണ് ചൈന വധിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുന്നത്.
മയക്കുമരുന്ന് കടത്ത് മുതല്‍ അഴിമതിയും കൊലപാതകവും വരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും വധ ശിക്ഷകള്‍ നല്‍കപ്പെടുന്നത് പതിവാണ്. മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷ നടപ്പിലാക്കുന്നത് ചൈനയില്‍ ഏറ്റവും സാധാരണമായ രീതിയാണ്.















