
ന്യുയോർക്ക്: അമേരിക്കൻ ടെലിക്കോം മേഖലക്ക് ചൈനീസ് ഹാക്കർമാരുടെ ഭീഷണി. അമേരിക്കൻ ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സി എൻ എൻ ആണ് വാർത്ത പുറത്തിവിട്ടത്. ചൈനീസ് സർക്കാരിന്‍റെ പിന്തുണയുള്ള ഉന്നത പരിശീലനം നേടിയ ഹാക്കർമാർ അമേരിക്കൻ ടെലിക്കോം കമ്പനികളിൽ കടന്നുകയറി ആക്രമണം നടത്തുന്നുവെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ നിരവധി തവണയാണ് ചൈനീസ് ഹാക്കർമാരുടെ ഇത്തരം കടന്നാക്രമണം കണ്ടെത്തിയതെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സി എൻ എൻ പറയുന്നത്.
വയർടാപ്പ് വാറണ്ട് വിവരങ്ങൾ ഹാക്കർമാർ ആക്‌സസ് ചെയ്തിട്ടുണ്ടെന്നാണ് യു എസ് ദേശീയ സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഹാക്കർമാർ എന്ത് വിവരമാണ് നേടിയതെന്ന് നിർണ്ണയിക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും സാധിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യു എസ് ബ്രോഡ്ബാൻഡ്, ഇൻ്റർനെറ്റ് ദാതാക്കളായ AT&T, Verizon, Lumen എന്നിവ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ഈയടുത്ത് മാത്രം കണ്ടെത്തിയ ഹാക്കിംഗ് വഴി ദേശീയ സുരക്ഷാ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന ആശങ്കയിലാണ് യു എസ് ഉദ്യോഗസ്ഥർ. യു എസ് ഫെഡറൽ ഏജൻസികളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ അത്യാധുനിക ഹാക്കിംഗാണ് കണ്ടെത്തിയതെന്നും വിവരമുണ്ട്. സൈബർ ചാരവൃത്തിയും മറ്റ് ഉയർന്ന ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ഹാക്കിംഗ് എന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.