ചൈനീസ് ഗവേഷണ കപ്പല്‍ മാലിദ്വീപില്‍, ശ്രദ്ധയോടെ ഇന്ത്യ

മാലിദ്വീപ്: ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ മാലിദ്വീപുമായി ചൈന അടുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നോണം ചൈനീസ് ഗവേഷണ കപ്പല്‍ വ്യാഴാഴ്ച മാലിദ്വീപിലെത്തി.

തലസ്ഥാനമായ മാലെയ്ക്ക് സമീപമുള്ള തിലഫുഷി വ്യവസായ തുറമുഖത്ത് ചൈനയുടെ സിയാങ് യാങ് ഹോങ് 3 ആണ് നങ്കൂരമിട്ടിരിക്കുന്നത്. 100 മീറ്റര്‍ നീളമുള്ള (328 അടി) കപ്പല്‍ വ്യാഴാഴ്ച വൈകുന്നേരം മാലെയ്ക്ക് സമീപം നങ്കൂരമിട്ടെന്ന് മറൈന്‍ട്രാഫിക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലും മാലിദ്വീപിലും ചൈനയുടെ സ്വാധീനവും ഇന്ത്യ സംശയാസ്പദമായാണ് വീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ചൈന അനുകൂല പ്രസിഡന്റ് മുഹമ്മദ് മുയിസു വിജയിച്ചത് മുതല്‍ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. മാലിദ്വീപ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 89 സുരക്ഷാ ഉദ്യോഗസ്ഥരെ മാര്‍ച്ച് 15നകം പിന്‍വലിക്കണമെന്ന് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ സൈനികരെ മാറ്റി ചൈനീസ് സേനയെ നിയമിച്ച് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് മുയ്‌സു തറപ്പിച്ചുപറഞ്ഞു.

More Stories from this section

family-dental
witywide