ശ്രീലങ്കൻ തീരത്തേക്ക് ചൈനീസ് ചാരക്കപ്പൽ വീണ്ടും, ആശങ്കയോടെ ഇന്ത്യ

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും രം​ഗത്ത്. അനുമതിക്കായി സമീപിച്ചെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഇന്ത്യയുടെ ,സുരക്ഷാ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും കപ്പലിന് നങ്കൂരമിടാൻ അനുമതി തേടിയത്. ഷി യാൻ 6 എന്ന കപ്പൽ ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ പറഞ്ഞു.

കഴിഞ്ഞ വർഷവും ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ചാരക്കപ്പൽ അല്ലെന്നും ​ഗവേഷണമാണ് ഉദ്ദേശ്യമെന്നുമാണ് ചൈനയു‌ടെ വാദം. എന്നാൽ, ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. 60 പേർ അടങ്ങുന്ന ശാസ്ത്രീയ ഗവേഷണ സംഘമാണ് കപ്പലിൽ ഉള്ളതെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ പറയുന്നു.

കഴിഞ്ഞ വർഷം, ബഹിരാകാശവാഹന ട്രാക്കിംഗിൽ വൈദഗ്ദ്ധ്യമുള്ള യുവാൻ വാങ് 5 എന്ന ചൈനീസ് ഗവേഷണ കപ്പൽ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടതിൽ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

Chinese spy ship to dock in Sri Lankan port