കള്ളക്കര്‍ക്കിടകം വഴി മാറി, പൊന്നിന്‍ ചിങ്ങം എത്തി; ഇന്ന് മലയാളത്തിന്റെ പുതുവത്സരപ്പിറവി

വറുതിയുടെ കര്‍ക്കിടകം വഴി മാറി. മിഴി തുറന്ന് പൊന്നിന്‍ ചിങ്ങം. സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്റെയും തുടക്കം കുറിച്ച് ഇന്ന് ചിങ്ങം ഒന്ന്. ഓണക്കാലത്തേക്ക് കണ്ണുംനട്ട് ഇനി മലയാളിയുടെ കാത്തിരിപ്പ്. കൊല്ലവര്‍ഷം 1200 ലേക്കാണ് ഇന്നുമുതല്‍ മലയാളി ചുവടുവയ്ക്കുന്നത്.

കേരളീയര്‍ക്ക് ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. വിളവെടുപ്പിന്റെ മാസമായ ചിങ്ങത്തിനായി കര്‍ഷകരും പ്രകൃതിയും ഒരുമിച്ച് കാത്തിരിക്കുകയാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കര്‍ക്കിടകത്തിലെ കറുത്ത കാര്‍മേഘങ്ങളെ മാറ്റി പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം കിഴക്കുദിച്ചത് മലയാളിക്ക് പ്രതീക്ഷയുടെ പുലരിയെക്കൂടിയാണ് സമ്മാനിക്കുന്നത്.

സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. അത്തം പത്തായ സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. വയനാടിന്റെ കണ്ണീരിനൊപ്പം ചേര്‍ന്ന് ഇക്കുറി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഭാഗമായുള്ള ഓണാഘോഷ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide