
തിരുവനന്തപുരം: പതിവിലും സംഘര്‍ഷ ഭരിതമായിരുന്നു ഇന്ന് നിയമസഭ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറുമായുള്ള വാക്പോര് അതിർത്തികൾ ഭേദിച്ചതോടെ സഭ മൊത്തം ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതെല്ലാം കണ്ട് കൈതരിച്ച് പ്രതിപക്ഷാംഗങ്ങൾക്ക് നേരെ നടന്നടുത്ത മന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് തടഞ്ഞത്. നിയമസഭയിൽ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം.
ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്‍റെ അടുത്ത് നിലയുറപ്പിച്ചു. പെട്ടെന്ന് പ്രതിപക്ഷത്തിന്‍റെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽതന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടഞ്ഞു. മുഖ്യമന്ത്രി കൈയിൽപിടിച്ച് അരുതെന്ന് സൂചന നൽകിയതോടെ ഒന്നും മിണ്ടാതെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോ കാണാം