‘വാഴക്കുലയിലെ തേൻ കുടിക്കരുത്, ഉപേക്ഷിച്ച പഴങ്ങളും’, നിപയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം, ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പറഞ്ഞു. മലപ്പുറം സ്വദേശികളുടെ 14 വയസുള്ള മകൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നുരാവിലെ മരിച്ചത്.

കഴിഞ്ഞ 13-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ചാണ് നിപ സംശയമുണ്ടാകുകയും സ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

നിപ പ്രതിരോധത്തിന് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തിൽ സംശയമുള്ളവർ നിപ കൺടോൾ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide