ഹൃദയഭേദകമായ ദുരന്തം, എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും, 5 മന്ത്രിമാർ ക്യാംപ് ചെയ്യുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം സമാനതകളില്ലാത്തതെന്നും ഹൃദയഭേദകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 93 പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തെന്നും 128 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും പിണറായി പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വിളിച്ച ഉന്നത യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇരുവഴിഞ്ഞി പുഴ രണ്ടായി പിരിഞ്ഞ് കുത്തൊലിച്ച് പോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ പുഴ മുറിച്ച് കടന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് മന്ത്രിമാര്‍ വയനാട്ടില്‍ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നും സൈന്യത്തിന്റെ വടം കെട്ടിയുള്ള റിവര്‍ ക്രോസിംഗ് രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. 3069 പേര്‍ 45 ക്യാംപുകളിലായി വയനാട്ടില്‍ മാത്രം താമസിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ ശക്തിയും സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide