‘സ്വര്‍ണക്കടത്തും, ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥത’, അൻവറിന് മുഖ്യമന്ത്രിയുടെ തിരിച്ചടി; ‘വീണ്ടും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും’

ഡൽഹി: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോൾ കേരളത്തിൽ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ പണം സംസ്ഥാന വിരുദ്ധ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വിവരിച്ചു. അൻവറിന്റെ ആരോപങ്ങൾക്കാണ് മറുപടി പറഞ്ഞതെങ്കിലും അൻവറിന്റെ പേര് മുഖ്യമന്ത്രി പറഞ്ഞില്ല.

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു

വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികള്‍ക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാല്‍ തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി വിവരിച്ചു.

More Stories from this section

family-dental
witywide