സുരേന്ദ്രനെ നേരിടാനോ രാഹുൽ വയനാട്ടിലിറങ്ങുന്നത്, പൗരത്വ ഭേദഗതി നിയമത്തിലെ മൗനം ചോദ്യം ചെയ്തും മുഖ്യമന്ത്രി

കോഴിക്കോട്: കോൺഗ്രസും രാഹുൽ ഗാന്ധിയും പൗരത്വ നിയമഭേദഗതിയടക്കമുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർ​ഗീയതയെ ശക്തമായി എതിർത്താൽ മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ എന്നും അതിന് വേണ്ടി കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി എ എ വിഷയത്തിൽ കോൺ​ഗ്രസിനോ രാഹുൽ ​ഗാന്ധിക്കോ ഇതുവരെയും പ്രതികരിക്കാൻ സാധിച്ചിട്ടില്ലെന്നും അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

കോൺ​ഗ്രസിന്റെ വലിയ നേതാവായ രാഹുൽ ഗാന്ധി കെ സുരേന്ദ്രനെ നേരിടാനാണോ വയനാട്ടിലെത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട്ടിൽ ഇക്കുറി ശക്തമായ പോരാട്ടമാണെന്നും ദേശീയതലത്തിൽ എല്ലാവർക്കുമറിയുന്ന ഇടതുപക്ഷ നേതാവായ ആനി രാജ വിജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പുർ വിഷയത്തിൽ മോദി സർക്കാർ രാജ്യദ്രോഹിയായി ചിത്രീകരിച്ച ആനിരാജയെ രാഹുൽ എങ്ങനെയാണ് എതിർക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുൽ ​ഗാന്ധിക്ക് മണിപ്പുർ വിഷയത്തിൽ എന്ത് റോളാണുള്ളത്. രാജ്യത്തിന് ഭീഷണിയാകുന്ന ഏതെങ്കിലും വിഷയത്തിൽ രാഹുൽ ​ഗാന്ധിയെ കാണുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.

ഇന്നലെ ദില്ലിയിൽ നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധറാലി ബി ജെ പിക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, കോൺ​ഗ്രസ് ഇതിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. ഇടതു മുന്നണിയുടെ പ്രചാരണത്തിനായി കോഴിക്കോടെത്തിയ പിണറായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

CM Pinarayi Vijayan against Rahul Gandhi