
തിരുവനന്തപുരം: ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നടത്താൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്രത്തിന് താത്പര്യമില്ലാത്തതുകൊണ്ടാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് വൈകുന്നത്. കേന്ദ്ര സർക്കാരിന്‍റെ മനസിലിരുപ്പ് നോക്കിയാൽ ഇത് നടത്താൻ താത്പര്യമില്ലെന്നാണ് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് നീക്കം നടത്തുന്നത്. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും പിണറായി ചൂണ്ടികാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഇതുവരെ നടത്തിയിട്ടില്ല. അത് നടത്തുമെന്ന് ഒരു ഉറപ്പുമില്ല. നിലവിൽ അതാണ് ഇന്ത്യൻ സാഹചര്യം. സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തി ചിന്തയും വളർത്തുകയാണ് ഏത് സർക്കാരും ചെയ്യേണ്ടത്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് അങ്ങനെയല്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ഭരണഘടന പദവിയിലുള്ളവർ വരെ അതിന് നേതൃത്വം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഗവേഷണത്തിന് നല്ല പ്രോത്സാഹനം നൽകുന്ന രാജ്യമല്ലാതായി ഇന്ത്യ മാറിയിട്ടുണ്ട്. രാജ്യത്ത് ഗവേഷണത്തിന് അനുവദിക്കുന്ന തുക അശാസ്ത്രിയമായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സമൂഹത്തിൽ ശാസ്ത്ര ബോധവും ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ഗവേഷണത്തിന് സംസ്ഥാനം കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CM Pinarayi Vijayan criticized the Union government for delaying the Indian Science Congress














