
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കമ്പോളങ്ങളിൽ ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രാൻഡ് ചെയ്യുന്ന അഞ്ച് കിലോ അരി സപ്ലൈകോ വിതരണം ചെയ്യുമ്പോൾ ബ്രാൻഡ് ചെയ്യാത്ത മറ്റ് അഞ്ച് കിലോ അരിയും ലഭിക്കുമെന്ന പ്രത്യേകതയും കെ റൈസിന് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 40 രൂപക്ക് മുകളിൽ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ ഈ അരി വാങ്ങുന്നത്. ഇത് ജനങ്ങൾക്ക് 29 – 30 രൂപയ്ക്കാണ് നൽകുന്നത്. അതായത് ഓരോ കിലോയ്ക്കും 10 രൂപ മുതൽ 15 വരെ സബ്സിഡി ലഭിക്കും. അങ്ങനെ ഫലപ്രദമായ വിപണി ഇടപെടൽ സർക്കാർ ഉറപ്പ് വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് ശേഷം ഭക്ഷ്യധാന്യം നൽകുന്നതിൽ രണ്ട് ലക്ഷം ടണിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.
CM Pinarayi Vijayan inagurates Kerala Sabari K Rice details here