‘സംശയിച്ചത് ശരിയായി, ഉദ്ദേശ്യം വ്യക്തം’; അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി, വിശദീകരണം പിന്നീട്

ന്യൂഡല്‍ഹി: നിലമ്പൂർ എംഎൽഎ പി.വി. അൻവർ തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹി പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേതെന്നും അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിനുപിന്നിലെന്ന് സംശയമുണ്ടായിരുന്നു. നേരത്തെ സംശയിച്ചതു പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽ‌ഡിഎഫിനും സർക്കാരിനുമെതിരെയാണ് അൻവർ സംസാരിച്ചത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്,” പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ നിലമ്പൂരിൽ പി.വി. അൻവർ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയുമടക്കം പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ വിമര്‍ശിച്ചത്. പാർട്ടിക്കുള്ളിൽ കടുത്ത അടിമത്തമാണെന്നും സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശിയാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

More Stories from this section

family-dental
witywide