
ന്യൂഡൽഹി: കനത്ത മഴയിൽ രാജേന്ദ്ര നഗറിലെ ഐഎഎസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയ മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു.
വാദത്തിനിടെ, കോച്ചിംഗ് സെൻ്ററുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോടതി അധികാരികളെ രൂക്ഷമായി വിമർശിച്ചു, അവർ “കുട്ടികളുടെ ജീവൻവച്ച് കളിക്കുകയാണെന്ന്” കുറ്റപ്പെടുത്തി. കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറിയെന്നും കോടതി പറഞ്ഞു.
ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഡൽഹി രജീന്ദർ നഗറിലെ റാവൂസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റ് ലൈബ്രറിയായി ഉപയോഗിക്കുകയായിരുന്നു. രാജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ സെൻ്ററിന് 2021 ഓഗസ്റ്റിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ആ സർട്ടിഫിക്കറ്റിൽ, ബേസ്മെൻറ് പാർക്കിങ്ങിനായി ഉപയോഗിക്കണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടാനിയ സോണി, ശ്രേയ യാദവ് (25), മലയാളിയായ നവീൻ ഡെൽവിൻ (28) എന്നിവരാണ് മരിച്ചവിദ്യാർഥികൾ. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർത്ഥികൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നു.















