
പത്തനംതിട്ട: മാനം കറുത്ത് മഴ പെയ്യാന്‍ തുടങ്ങിയാല്‍ എങ്ങനെയെങ്കിലും അവധി പ്രഖ്യാപിക്കൂ കളക്ടര്‍ സാറേ… എന്നും പറഞ്ഞാണ് കുട്ടികള്‍ മുറവിളി കൂട്ടുന്നത്. അക്കൂട്ടത്തില്‍ രസകരമായ നിരവധി കമന്റുകളും കളക്ടര്‍മാരുടെ പേജുകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ട കളക്ടറുടെ പേജില്‍ വന്ന കമന്റുകള്‍ അല്‍പം അതിരുവിട്ടതായിരുന്നു.
മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവുമാണ് എത്തിയത്. മെസേജുകള്‍ തമാശയായിട്ടാണ് ആദ്യമൊക്കെ എടുത്തതെന്നും എന്നാല്‍ സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ ആരാണെന്ന് സൈബര്‍ സെല്‍ വഴി കണ്ടെത്തുകയായിരുന്നു. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി അവധി പ്രഖ്യാപനത്തെയും മറ്റും വിശദമായി പറഞ്ഞുകൊടുക്കുകയും സൈബറിടത്തില്‍ അവര്‍ ചെയ്ത തെറ്റും ബോധ്യപ്പെടുത്തിയാണ് കളക്ടര്‍ മടക്കിയയച്ചത്.
അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകള്‍ തനിക്ക് വന്നതായി കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു.