
കൊച്ചി: കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണമെന്നും പതിമൂന്ന് വര്‍ഷമായി മനസ്സ് വിങ്ങിയാണ് ജീവിക്കുന്നതെന്നും പൊലീസ് നടപടിയില്‍ പ്രതികരിച്ച് സന്തോഷമറിയിച്ച് പരാതിക്കാരിയും രംഗത്തെത്തി.
പ്രശ്‌നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. ഭാര്യമാര്‍ മര്യാദയ്ക്ക് പരിപാലിച്ചില്ലെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ പുറത്തുപോകും. ഒരു ഭര്‍ത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി പുറത്തുപോകുന്നത് ഭാര്യമാരുടെ കുറവ് കൊണ്ടായിരിക്കും. തെളിവുകള്‍ എന്റെ കയ്യിലുണ്ട്. മുന്‍പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാരും നിയമം മാറി, അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരെയും പീഡിപ്പിക്കുന്നുണ്ടെന്നും നടി പ്രതികരിച്ചു.
അതേസമയം, മുകേഷിന്റെ കുറ്റകൃത്യവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും നടി വ്യക്തമാക്കി. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. ഞാന്‍ മാത്രമല്ലല്ലോ എത്ര പേരാണ് അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നതെന്നും നടി ചോദിക്കുന്നു. ഒരു കള്ള മുഖം മൂടി വച്ചാണ് മുകേഷ് അധികാര കസേരയില്‍ ഇരിക്കുന്നതെന്നും എം.എല്‍.എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
പതിമൂന്ന് വര്‍ഷമായി മനസ്സ് വിങ്ങിയാണ് ജീവിക്കുന്നത്. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. എനിക്ക് നീതികിട്ടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിന്തുണയുമായി രംഗത്ത് വന്നതോടെയാണ് ഞങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസമായതെന്നും അവര്‍ വെളിപ്പെടുത്തി.
മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.
ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍,ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.