‘ആദ്യം തിയതി പറഞ്ഞത് ഉറക്കപ്പിച്ചിൽ, യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്’, നിവിൻ പോളിക്കെതിരെ പരാതിക്കാരി മൊഴി നല്‍കി

കൊച്ചി: നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മാധ്യമങ്ങളോട് ബലാത്സംഗം നടന്നതായി ആദ്യം പറഞ്ഞ തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി. അതുകൊണ്ടാണ് തിയതിയുടെ കാര്യത്തിൽ തെറ്റ് സംഭവിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് യുവതി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

‘യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ല, ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തില്‍ ഉള്ള വിശ്വാസവും നഷ്ടമായി, രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ല’ – പരാതിക്കാരി പറഞ്ഞു. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.

അതേസമയം തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനുമടക്കം പരാതി കൈമാറിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide