
റീല്‍സ് ഷൂട്ട് ചെയ്യാന്‍ ഏതറ്റം വരെയും പോകാന്‍ റെഡിയായി ഒരു ‘ഫേക്ക് സ്‌പൈഡര്‍മാന്‍’. ഇതല്‍പ്പം കടന്ന കയ്യല്ലേ എന്ന് ചോദിച്ചുപോകും ഈ സ്‌പൈഡര്‍മാന്റെ പ്രവൃത്തി കണ്ടാല്‍. ഓടുന്ന കാറിന്റെ ബോണറ്റില്‍ അങ്ങനെ രസിച്ചിരുന്നു യാത്ര ചെയ്ത വിരുതനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു.
സ്പൈഡര്‍മാന്‍ വേഷത്തിലെത്തിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്റെ ഡ്രൈവര്‍ മഹാവീര്‍ എന്‍ക്ലേവില്‍ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടകരമായ വാഹനമോടിച്ചതിനും മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്കും 26,000 രൂപ പിഴയും ചുമത്തി.
മിഹിര്‍ ജാ എക്‌സില്‍ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് രണ്ട് സെക്കന്റുള്ള വീഡിയോയാണ് പങ്കുവെച്ചത്. റോഡരുകില്‍ നിന്ന ആരോ പകര്‍ത്തിയ വീഡിയോയായിരുന്നു. വീഡിയോയില്‍ തിരക്കുള്ള റോഡില്‍ ഒരു വെള്ളക്കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന സ്‌പൈഡര്‍മാനെ കാണാം.
സംഭവം അറിഞ്ഞ ഉടനെ നടപടികളുമായി പൊലീസ് മുന്നോട്ട് പോയി. ദ്വാരകയിലെ രാംഫാല്‍ ചൗക്കിന് സമീപത്ത് നിന്നാണ് പൊലീസ് കാറിനെയും സ്‌പൈഡര്‍മാനെയും കണ്ടെത്തിയത്.