‘ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷിച്ച് ഡോക്ടര്‍മാര്‍’; ശ്രദ്ധ കിട്ടാത്തതിനെത്തുടര്‍ന്ന് പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായി പരാതി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷിച്ചെന്നും പ്രസവം ശ്രദ്ധിച്ചില്ലെന്നും പരാതി. ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചുവെന്ന പരാതിയുമായി യുവതിയും കുടുംബവും രംഗത്ത്. തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിയ്‌ക്കെതിരെയാണ് പരാതി. പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റിയ യുവതിക്ക് രാത്രി 12 മണിയോടെയാണ് പ്രസവ വേദന വന്നത്.

എന്നാല്‍ ആ സമയത്ത് ലേബര്‍ റൂമില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നും അവര്‍ ന്യൂഇയര്‍ ആഘോഷിക്കുന്ന തിരക്കിലായിരുന്നുവെന്നും യുവതി പറഞ്ഞു. ‘സഹിക്കാന്‍ പറ്റാത്ത വേദന വന്ന് പുളഞ്ഞതോടെ ഒരു ഡോക്ടര്‍ വന്ന് കട്ടിലില്‍ കയറി കിടക്കാന്‍ പറഞ്ഞു. അതിനിടെ എന്റെ കാല് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെട്ടു. വേദന കൊണ്ട് പുളയുകയായിരുന്നു ഞാന്‍. ഇതിനിടയില്‍ കാല് തട്ടിയൊ എന്ന് തനിക്ക് അറിയില്ലെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും അയാള്‍ കേട്ടില്ല.

തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഡോക്ടര്‍ പറയുകയും ചെയ്തു. മനപൂര്‍വമല്ലെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ കേട്ടില്ല. 14 മണിക്കൂര്‍ വേദനകൊണ്ട് പുളഞ്ഞു. ഒരു തുള്ളി വെളളം പോലും കിട്ടാതെ ആരോഗ്യം നഷ്ടപ്പെട്ട എന്നോട് താനെ പുഷ് ചെയ്ത് പ്രസവിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. അവര്‍ വന്നിരുന്നുവെങ്കില്‍ തന്റെ കുഞ്ഞ് ശ്വാസംമുട്ടി മരിക്കില്ലായിരുന്നുവെന്നും മര്യാദക്ക് പെരുമാറിയിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷം നടന്നുവെന്നത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുഞ്ഞ് മരിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide