
ന്യൂഡൽഹി: തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ദേശീയ ജാതി സെൻസസ് എന്നിവ ഊന്നിപ്പറഞ്ഞ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്.
പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയും, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നാണ് ഡൽഹിയിൽ പ്രകടന പത്രിക പുറത്തിറക്കിയത്. രേഖ തയ്യാറാക്കിയ സമിതിയെ നയിച്ച മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരവും ഒപ്പമുണ്ടായിരുന്നു.
രാജ്യത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ പ്രകടനപത്രിക ‘ന്യായ് കാ ദസ്തവേസ്’ (നീതിക്കുള്ള ഒരു രേഖ) ആയിരിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി നീതിയുടെ അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികള്‍.
ജാതി സെന്‍സസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുള്‍പ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, 25 വയസ്സിന് താഴെയുള്ള എല്ലാ ഡിപ്ലോമ ഹോൾഡർമാർക്കും ബിരുദധാരികൾക്കും ഒരു വർഷത്തെ അപ്രന്‍റീസ്ഷിപ്പ് നൽകുന്നതിന് പുതിയ അവകാശ നിയമം, കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക്, സാമ്പത്തികമായി പിന്നാക്കമുള്ള സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ എത്തിക്കും തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.












