
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിന് മുമ്പുള്ള 48 മണിക്കൂർ നിശബ്ദത മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 30 മുതൽ കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം എന്ന പ്രചാരണം ലക്ഷ്യമിടുന്നതെന്നും ഇത് തടയാൻ ഇടപെടണമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, അഭിഷേക് സിംഗ്‌വി, സയ്യിദ് നസീർ ഹുസൈൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം മെമ്മോറാണ്ടം സമർപ്പിച്ചു. ജൂൺ ഒന്നിന് പോളിംഗ് അവസാനിച്ചതിന് ശേഷം മാത്രമേ മോദി ധ്യാനം ആരംഭിക്കാവൂ എന്നും ഇസി ഇക്കാര്യം അദ്ദേഹത്തോട് നിർബന്ധമായും ആവശ്യപ്പെടണമെന്നും കോൺഗ്രസ് ഉന്നയിച്ചു. എല്ലാത്തരം മാധ്യമങ്ങളും മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്യുന്നത് ബോഡി നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച്ചയാണ് മോദി കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനമിരിക്കും. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
പ്രധാനമന്ത്രിയുചടെ സന്ദർശനത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരിയിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി ജെ പി വൃത്തങ്ങൾ അറിയിച്ചു.