അവസാന നിമിഷം കോൺഗ്രസിൽ ജഗപൊഗ, ലിസ്റ്റ് ഉടൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി കാലതാമസം ഉണ്ടാക്കാനാകില്ലെന്നും ഇപ്പോള്‍ തന്നെ ഒരുപാട് വൈകിയെന്നും ചെന്നിത്തല.

കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലിന്റെ ബി ജെ പി പ്രവേശത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വമ്പന്‍ സര്‍പ്രൈസ് വരുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. വടകരയിലും തൃശൂരിലും സര്‍പ്രൈസ് സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് തീരുമാനം. കെ മുരളീധരനെ തൃശൂരിലും വടകരയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെയും മത്സരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്നാല്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മുരളീധരന് അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി എന്തുപറഞ്ഞാലും അനുസരിക്കുമെന്നാണ് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചത്.

ഇന്നലെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു സമിതി യോഗം ചേര്‍ന്നിരുന്നു. ഇതില്‍ സോണിയ ഗാന്ധി, കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഗുജറാത്തിലുള്ള രാഹുല്‍ ഗാന്ധി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.

അവസാന നിമിഷത്തിൽ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയത് കെ. മുരളീധരും ഷാഫി പറമ്പിലിനും അത്ര സ്വീകാര്യമായിട്ടില്ല എന്നാണ് സൂചന.

എന്നാൽ താൻ എവിടെയും മത്സരിക്കാനും തയ്യാര്‍ ആണെന്നാണ് കെ മുരളീധരൻ ഇന്ന് രാവിലെ വ്യക്തമാക്കിയിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ വടകര സ്ഥാനാർഥിത്വത്തിനെതിരെ മുസ്ലിം ലീഗും രംഗത്തു വന്നിരുന്നു. ഷാഫി പറമ്പിലും പുതിയ തീരുമാനത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി പറയുന്നത് അനുസരിക്കുമെന്നും ഷാഫി പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തീരുമാനത്തെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പദ്മജ കോൺഗ്രസ് വിട്ടത് യുഡിഎഫിന് കോട്ടമുണ്ടാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. “മക്കള് പാർട്ടി വിടുന്നത് പാർട്ടിക്ക് കുഴപ്പമുണ്ടാക്കില്ല, ബാപ്പമാര് പോയാലാണ് കുഴപ്പം”അദ്ദേഹം പറഞ്ഞു.

വടകരയിൽ മുരളീധരനും തൃശൂരിൽ പ്രതാപനും പ്രചാരണവുമായി വളരെ മുന്നോട്ടു പോയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ മാറ്റം ചെറുതല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് എതിരെ മൽസരിക്കുമെന്നും ചാലക്കുടിയിൽ മൽസരിക്കുമെന്നും ആദ്യം വാർത്തകൾ വന്നിരുന്നു.

Congress Candidate list will be released soon